ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് (same sex marriage) നിയമപരമായ അംഗീകാരം നല്‍കണമെന്നാവശ്യപ്പെടുന്ന വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി ആറിന് വാദം കേള്‍ക്കും. അന്നേദിവസം തന്നെ കേരള, ഡല്‍ഹി ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ഒരേലിംഗത്തിലുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹത്തിന് നിയമപരമായ അംഗീകാരം രാജ്യത്ത് വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് ഡിസംബര്‍ 14ന് നോട്ടീസ് അയച്ചിരുന്നു. സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് നിയമസാധുത നല്‍കാതിരിക്കുന്നത് ഭരണഘടനയിലെ അനുഛേദങ്ങളായ 14, 19, 21 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. ഈ ഹര്‍ജി നല്‍കിയ ദമ്പതികളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റൊരാള്‍ യുഎസ് പൗരനുമാണ്.