ന്യൂഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മെയ് 31ന് കേൾക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. അപേക്ഷയുടെ മുൻകൂർ പകർപ്പ് കേന്ദ്ര ഏജൻസി, സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ എന്നിവയ്ക്ക് സമർപ്പിച്ച ശേഷം തിങ്കളാഴ്‌ച വാദം കേൾക്കുമെന്നായിരുന്നു അപേക്ഷകയായ മംത ശർമയോട് ബെഞ്ചിന്‍റെ മറുപടി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കാനും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഫലം പ്രഖ്യാപിക്കുന്നതിനുള്ള മാർഗശാസ്ത്രം ആവിഷ്കരിക്കാനും കേന്ദ്രം, സിബിഎസ്ഇ, ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ എന്നിവയ്ക്ക് ഇതിനോടകം തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. രാജ്യത്ത് ആശങ്കാജനകമായ ആരോഗ്യ അടിയന്തരാവസ്ഥയും കൊവിഡ് വർധനവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നതും മൂല്യനിർണയം വൈകിപ്പിക്കുന്നതും വിദ്യാർഥികളുടെ ഭാവിക്ക് പരിഹരിക്കാനാകാത്ത നഷ്ടത്തിന് കാരണമാകുമെന്നും ഹർജിക്കാരി അപേക്ഷയിൽ വാദിച്ചു.