ന്യൂഡൽഹി:ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട എതിർപ്പുകളും മറ്റ് പ്രശ്‌നങ്ങളും ഡിസംബർ 7ന് സുപ്രീം കോടതി പരിഗണിക്കും. ഐഒഎയുടെ കരട് ഭരണഘടനയിൽ അനധികൃത മാറ്റങ്ങൾ ആരോപിച്ചുള്ള ഇടക്കാല ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു.
എതിർപ്പുകൾ ഡിസംബർ ഏഴിന് പരിഗണിക്കുമെന്നും അന്ന് ആരോപണങ്ങൾ ചൂണ്ടിക്കാണിക്കണമെന്നും ബെഞ്ച് പറഞ്ഞു. സുപ്രീം കോടതിയുടെയും ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും (ഐഒസി) മേൽനോട്ടത്തിൽ രൂപീകരിച്ച കരട് ഭരണഘടനയാണ് വ്യാഴാഴ്‌ച നടന്ന പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിൽ ഐഒഎ അംഗീകരിച്ചത്. എന്നാൽ സുപ്രീം കോടതി ഭരണഘടന നിർബന്ധമാക്കിയതിനെ തുടർന്ന് തങ്ങൾ അത് അംഗീകരിക്കാൻ നിർബന്ധിതരാകുകയായിരുന്നു എന്ന് നിരവധി അംഗങ്ങൾ പരാതി പറഞ്ഞിരുന്നു.
കരട് ഭരണഘടനയിലെ ചില വ്യവസ്ഥകൾ സെപ്‌റ്റംബറിൽ സ്വിറ്റ്സർലൻഡിൽ നടന്ന സംയുക്ത യോഗത്തിൽ അംഗീകരിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പിന്നീട് ഐഒസിയോട് പറഞ്ഞു. ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലാത്ത പക്ഷം സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും ഐഒസി സെപ്റ്റംബറിൽ ഐഒഎയ്ക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു.
ഐഒഎയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ, കരട് ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന ആറോളം ഭേദഗതികളോട് ചില അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചിരുന്നു. കൂടാതെ ജനറൽ ബോഡിയുടെ ജനാധിപത്യ അവകാശങ്ങൾ പൂർണമായും എടുത്തുകളഞ്ഞുവെന്നും അംഗങ്ങൾ ആരോപിക്കുന്നു.
സുപ്രീം കോടതി നിർദേശങ്ങൾക്കൊപ്പം ഐഒസിയിൽ നിന്നുള്ള സസ്‌പെൻഷൻ ഭീഷണി കൂടിയാകുമ്പോൾ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരികയല്ലാതെ ഐഒഎയ്ക്ക് വേറെ മാർഗങ്ങളില്ലായിരുന്നു. സുപ്രീംകോടതി നിയമിച്ച വിരമിച്ച സുപ്രീം കോടതി ജഡ്‌ജി എൽ നാഗേശ്വര റാവു ആണ് കരട് ഭരണഘടന തയാറാക്കിയത്. ഐഒസി ഇതിന് അംഗീകാരം നൽകി. ഡിസംബർ 10ന് ഐഒഎ തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതിയും അനുമതി നൽകി.