ന്യൂഡൽഹി:യോഗ ഗുരു രാംദേവിന്‍റെ അലോപ്പതിക്കെതിരായ പരാമർശത്തിൽ സുപ്രീം കോടതി തെളിവുകൾ പരിശോധിക്കും. ആധുനിക അലോപ്പതിക്കെതിരെ നടത്തിയ പരാമർശത്തിന് എതിരെ രജിസ്റ്റർ ചെയ്‌ത വിവിധ കേസുകളില്‍ സ്റ്റേ വാങ്ങാനായാണ് യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചത്. യോഗ ഗുരു രാംദേവിനെതിരെയുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ബിഹാർ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാംദേവിനെതിരെയുള്ള കേസുകളുള്ളത്.
ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് എ.എസ് ബോപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട മുഴുവൻ എഫ്‌ഐആറുകളും കൂട്ടിച്ചേർക്കണമെന്നും കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നുമാണ് ഹർജി. കൊവിഡ് ചികിത്സയിൽ അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്‌താവനക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി നൽകിയത്.