ന്യൂഡല്‍ഹി : പട്ടീദാര്‍ ക്വോട്ട പ്രക്ഷോഭം സംബന്ധിച്ച കേസുകളിലെ അപ്പീലുകള്‍ തീര്‍പ്പാക്കുന്നത് വരെ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെതിരായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പട്ടുകൊണ്ടുള്ള പട്ടേലിന്‍റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
പട്ടീദാര്‍ ക്വോട്ട പ്രക്ഷോഭം ; ഹര്‍ദിക് പട്ടേലിനെതിരായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു - സുപ്രീം കോടതി
ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പട്ടുകൊണ്ടുള്ള പട്ടേലിന്‍റെ ഹര്‍ജി പരിഗണിച്ചാണ് നടപടി
ശിക്ഷാവിധി പരിഗണിക്കാതെ തന്‍റെ ജയിൽ ശിക്ഷ സസ്‌പെൻഡ് ചെയ്‌ത ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹര്‍ദിക് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേലിന് മത്സരിക്കാന്‍ അവസരം നഷ്‌ടപ്പെട്ടിരുന്നതായി അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് പറഞ്ഞു. കേസില്‍ അടിയന്തരവാദം കേള്‍ക്കാനുള്ള തന്‍റെ ആവശ്യം നേരത്തേ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ തനിക്കെതിരെയുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി ദുരുദ്ദേശപരമാണെന്നാണ് പട്ടേലിന്‍റെ വാദം. ജനങ്ങളുടെ ശബ്‌ദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണിത്. ഈ കേസിൽ ഗുജറാത്ത് ഹൈക്കോടതിക്ക് മുമ്പാകെ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും ഹര്‍ദിക് പട്ടേല്‍ തന്‍റെ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു.