ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയം വിശദമായി കേള്‍ക്കണമെന്ന് വ്യക്തമാക്കി.
എഎപി (ആംആദ്‌മി) സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നോട്ടിസ് അയച്ചിട്ടുമുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ പിഎസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ നിലപാട് തേടി കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
ഡല്‍ഹി സര്‍ക്കാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി. ഓര്‍ഡിനന്‍സ് ലഫ്‌റ്റന്‍റ് ഗവര്‍ണര്‍ക്ക് അമിത അധികാരം നല്‍കുന്നതാണെന്നും ഇത് സുപ്രീം കോടതി വിധി തകര്‍ക്കാനാണെന്നും സിങ്‌വി കോടതിയില്‍ വാദിച്ചു.
നിയമ നിര്‍മാണത്തില്‍ കോടതി ഇടപെടുന്ന സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെ കേസ് പരിഗണിക്കുന്നത് അടുത്തയാഴ്‌ചത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. റിട്ട് ഹര്‍ജിയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് അഭിഭാഷകന്‍ സഞ്ജയ് ജെയ്‌ന്‍ കോടതിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രം ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ മുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇതിലൂടെ അല്ലാതാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര സര്‍വകലാശാലകളില്‍ നിന്ന് ബിരുദമുള്ള 437 പേരെ പിരിച്ച് വിട്ടുവെന്നും ഇവരുടെ ശമ്പളം മുടങ്ങിയെന്നും അഭിഭാഷകന്‍ സിങ്‌വി കോടതിയില്‍ ചൂണ്ടിക്കാട്ടി.