ന്യൂഡല്‍ഹി : സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടിസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചാണ് നാലാഴ്‌ചയ്ക്കകം പ്രതികരണം അറിയിക്കണമെന്ന് കാണിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് നോട്ടിസ് നല്‍കിയത്. രണ്ട് സ്വവർഗ ദമ്പതികൾ വെവ്വേറെ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നടപടി.
സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കണമെന്ന് ഹൈദരാബാദിൽ നിന്നുള്ള സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന തങ്ങള്‍ അടുത്തിടെ വിവാഹിതരായതായും എന്നാല്‍ അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ക്കാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാത്തത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് മറ്റൊരു സ്വവർഗ ദമ്പതികളായ പാർഥ് ഫിറോസ് മെഹ്‌റോത്രയും ഉദയ് രാജും അവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി.