ന്യൂഡൽഹി :വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിൽ മുസ്ലിം സമുദായത്തിന് നേരെയുണ്ടായ വിദ്വേഷ പ്രസംഗങ്ങളും, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണവും സംബന്ധിച്ച് ഉയർന്ന ആഹ്വാനത്തിനെതിരെ മാധ്യമ പ്രവർത്തകനായ ഷഹീൻ അബ്ദുള്ള നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സമുദായങ്ങൾക്കിടയിൽ സൗഹാർദവും സ്നേഹവും ഉണ്ടാകണമെന്നും, അത് പാലിക്കേണ്ടത് എല്ലാ സമുദായങ്ങളുടേയും ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി വിദ്വേഷ പ്രസംഗങ്ങൾ നല്ലതല്ലെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജിനോട് നിർദേശങ്ങൾ തേടാനും ഓഗസ്റ്റ് 18-നകം സമിതിയെ കുറിച്ച് അറിയിക്കാനും ബഞ്ച് നിർദേശിച്ചു.
സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും ഉണ്ടാകണമെന്നും, അതിൽ എല്ലാ സമുദായങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിരീക്ഷിച്ച ബഞ്ച് വിദ്വേഷ പ്രസംഗം സ്വീകാര്യമല്ലെന്നും ഊന്നിപ്പറഞ്ഞു. കൂടാതെ വിവിധ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന വിദ്വേഷ പ്രസംഗ പരാതികൾ പരിശോധിക്കുന്ന സമിതി രൂപീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെടാമെന്നും ബഞ്ച് വ്യക്തമാക്കി.
ഇതിലൂടെ എസ്എച്ച്ഒമാരിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും, പരാതിയുടെ ഉള്ളടക്കം, ആധികാരികത എന്നിവ പരിശോധിക്കുകയും, തുടർന്ന് നടപടി എടുക്കുന്നതിനായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഉചിതമായ നിർദേശം നൽകുകയും ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.