ന്യൂഡൽഹി: 'ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, തടവുകാർക്കും ഇത് ബാധകമാണ്' മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഥുര ജയിലില്‍ നിന്ന് മാറ്റി ഡൽഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ എയിംസിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ചികിത്സ നല്‍കാനാണ് പരമോന്നത കോടതിയുടെ നിർദേശം.
സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മികച്ച ചികിത്സ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എ.എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് കാപ്പൻ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. നിയമവിരുദ്ധ തടങ്കലിൽ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (കെയുഡബ്ല്യുജെ) ഭാര്യ റൈഹാനത്തും സമർപ്പിച്ച ഹർജി കോടതി തള്ളി.
യുപിയില്‍ നിന്ന് കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അവസാന നിമിഷം വരെ എതിര്‍ത്തു. മറ്റ് ജയിൽ അന്തേവാസികൾക്ക് നൽകുന്നത് പോലെ മതിയായ ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ ഒരുക്കമാണെന്നും മേത്ത വ്യക്തമാക്കി. ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
യുപി പൊലീസിന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്യുന്നതിന് ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും സിദ്ദിഖ് കാപ്പനോട് കോടതി നിർദേശിച്ചു. ജാമ്യം അനുവദിക്കുന്നതിനോ കുറ്റപത്രം റദ്ദാക്കുന്നതിനോ ആയുള്ള നടപടികൾക്കായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇരുവിഭാഗവും ഉന്നയിച്ച വിവാദപരമായ പ്രശ്നങ്ങളെക്കുറിച്ച് ബെഞ്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.