ന്യൂഡല്‍ഹി:പെഗാസസ് ഫോൺ ചോർത്തല്‍ കേസുകൾ പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്‌ചത്തേക്ക് (10.08.21) മാറ്റിവെച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കാനും വിശദീകരണം തേടാനും കോടതി തീരുമാനിച്ചു. പെഗാസസ് ഫോൺ ചോർത്തലില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കമുള്ളവരുടെ ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ടിരുന്നു.
also read:പെഗാസസ്; സുപ്രീംകോടതിയെ സമീപിച്ച് എഡിറ്റേഴ്സ് ഗിൽഡ്
പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, നായാധിപൻമാർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്നാണ് ആരോപണമുണ്ടായിരുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ ഗുരുതരമായ ചോദ്യങ്ങളാണ് സുപ്രീംകോടതിയില്‍ കേന്ദ്ര സർക്കാരിന് എതിരെ ഉന്നയിച്ചത്. എവിടെയാണ് പെഗാസസ് ഹാർഡ്‌വെയർ സൂക്ഷിച്ചിരിക്കുന്നത്. എന്തുകൊണ്ട് കേന്ദ്രസർക്കാർ വിഷയത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല, തുടങ്ങിയ ചോദ്യങ്ങൾ കപില്‍ സിബല്‍ സുപ്രീം കോടതില്‍ ഉന്നയിച്ചു.