ന്യൂഡൽഹി : വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം എന്നീ വിഷയങ്ങളിൽ ഏകീകൃത നിയമം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ ഹർജികൾ പരിഗണിക്കാനാവില്ലെന്നുമുള്ള സോളിസിറ്റർ ജനറലിന്‍റെ വാദങ്ങൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ച് ശരിവച്ചു. അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, ജീവനാംശം, വിവാഹപ്രായം തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത മത, ലിംഗ നിഷ്‌പക്ഷ നിയമങ്ങൾ നിര്‍മിക്കാന്‍ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഉപാധ്യായ അഞ്ച് വ്യത്യസ്‌ത ഹർജികൾ സമർപ്പിച്ചത്.
'ലിവ് ഇൻ ' ബന്ധങ്ങളുടെ രജിസ്‌ട്രേഷൻ: എല്ലാ ' ലിവ് ഇൻ ' ബന്ധങ്ങളും രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി ഇക്കഴിഞ്ഞയിടെ സുപ്രീംകോടതി തള്ളിയിരുന്നു. ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്‌ട്രേഷനിൽ കേന്ദ്രത്തിന് എന്ത് ബന്ധമാണുള്ളതെന്നും ഒട്ടും വിവേകമില്ലാത്ത ആശയമാണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു. റാണി എന്ന സ്‌ത്രീയ്‌ക്ക് വേണ്ടി അഭിഭാഷകയായ മംമ്‌ത റാണി ഹാജരായ കേസിൽ ഇത്തരം പൊതുതാത്‌പര്യ ഹർജികൾ ഫയൽ ചെയ്യുന്നത് തടയാൻ ഹർജിക്കാർക്ക് മേൽ ചെലവ് ചുമത്തേണ്ട സമയമായെന്ന് കോടതി വിമർശിച്ചു.