ന്യൂഡല്‍ഹി:അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി പിന്മാറി. അരുണ്‍ ഗോയലിന്‍റെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട് എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ വിഷയം മറ്റൊരു ബെഞ്ചിലേക്ക് കൊണ്ടുപോകാന്‍ ജസ്‌റ്റിസുമാരായ ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഗോയലിന്‍റെ നിയമനത്തില്‍ എന്തെല്ലാം ചട്ടലംഘനം നടന്നുവെന്ന് വ്യക്തമാക്കാനും ഹര്‍ജിക്കാരനായ എഡിആറിനോട് കോടതി ആവശ്യപ്പെട്ടു.
മറ്റൊരു ബെഞ്ചിലേക്ക് പോകൂ:ഒരു വ്യക്തിയെ ഭരണഘടന പദവിയിലേക്ക് നിയമിച്ചതിന് ശേഷം, അയാൾ അന്യായമായോ സ്വേച്ഛാധിപത്യപരമായോ പ്രവർത്തിക്കുമെന്നോ അനുമാനിക്കാനാവില്ല. അതുകൊണ്ട് വിഷയം മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യൂ എന്ന് കോടതി അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിനുള്ള നിർദേശത്തെക്കുറിച്ച് അറിയില്ലെങ്കിൽ കഴിഞ്ഞ വർഷം നവംബർ 18ന് ബ്യൂറോക്രാറ്റായ ഗോയൽ സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചതെങ്ങനെയെന്നത് ദുരൂഹമാണെന്ന് അഞ്ചംഗ ബെഞ്ച് നീണ്ട വിധിപ്രസ്‌താവനയില്‍ ചോദിച്ചിരുന്നു.
നിയമനത്തില്‍ എതിര്‍പ്പുമായി:അതേസമയം ഗോയലിന്‍റെ നിയമന നടപടി ക്രമരഹിതവും ഏകപക്ഷീയവുമാണെന്ന് പരാതിക്കാരനായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ വാദിച്ചു. നിയമനത്തിനായി രാജ്യത്തുടനീളമുള്ള 160 പേരിൽ നിന്ന് നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തുവെന്നും അവരിൽ പലരും ഗോയലിനേക്കാൾ പ്രായം കുറഞ്ഞവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കായി സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യം ചെയ്യപ്പെടേണ്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.