ന്യൂഡല്‍ഹി: സുപ്രധാനമായൊരു വിധി ന്യായത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് കോടതി റദ്ദാക്കിയത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചാന്‍സലറില്‍ നിക്ഷിപ്തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.
കേരള മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആണ് പുനര്‍ നിയമനം നല്‍കാന്‍ മുന്‍കൈയെടുത്തതെന്ന രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് മുഖവിലക്കെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്. ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടായെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പുനര്‍ നിയമനം ശരിവെച്ചു കൊണ്ട് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2022 ഫെബ്രുവരിയില്‍ നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള അപ്പീല്‍ സുപ്രീം കോടതി ബെഞ്ച് അനുവദിച്ചു.
മൂന്നംഗ ബെഞ്ചിനു വേണ്ടി വിധി പറഞ്ഞ ജസ്റ്റിസ് പര്‍ദി വാല നാലു ചോദ്യങ്ങളാണ് ബെഞ്ച് പ്രധാനമായും പരിഗണിച്ചതെന്ന് വിശദമാക്കി.
1. പുനര്‍ നിയമനം അനുവദനീയമാണോ.
2. ഉയര്‍ന്ന പ്രായ പരിധി 60 വയസ്സെന്ന കണ്ണൂര്‍ സര്‍വകലാശാലാ ചട്ടം 10(9) നാലു വര്‍ഷത്തെ പുനര്‍ നിയമനത്തിലും ബാധകമാണോ.
3.പുനര്‍ നിയമനത്തിനും വിസി നിയമനത്തിലേതു പോലെ സെലക്ഷന്‍ പാനല്‍ ആവശ്യമാണോ.