ന്യൂഡല്‍ഹി :തനിക്കെതിരെയുള്ള കേസ് റദ്ദാക്കാന്‍ വിചാരണ കോടിയെ സമീപിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ (Rajinikanth) ഭാര്യ ലത രജനികാന്തിനോട് (Latha Rajinikanth) ആവശ്യപ്പെട്ട് സുപ്രീം കോടതി (SC On Rajinikanth Wife Case). ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ കമ്പനി 2015ല്‍ ലതയ്‌ക്കെതിരെ നല്‍കിയ ക്രിമിനല്‍ കേസില്‍ വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ റദ്ദാക്കാനാണ് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ജസ്‌റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങുന്ന ബെഞ്ച് ലത രജനികാന്തിന്‍റെ ഹർജി പരിഗണിക്കാൻ തയാറായില്ല. ഒന്നുകിൽ വിചാരണ കോടതിയിൽ നിന്ന് ഡിസ്‌ചാർജ് തേടാം, അല്ലെങ്കിൽ വിചാരണ നേരിടാം എന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.
'2022 ഓഗസ്‌റ്റ് 2നാണ് കർണാടക ഹൈക്കോടതി ബെംഗളൂരുവിൽ വച്ച് ഉത്തരവ് പാസാക്കിയത്. ഇരു കൂട്ടര്‍ക്കും ഉത്തരവ് വെല്ലുവിളിയായിരുന്നു. ഇരുവശവും കേട്ട ശേഷം, 2018 ജൂലൈ 10ന് ഈ കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ് കണക്കിലെടുത്ത്, ഹര്‍ജിക്കാർക്ക് മുന്നിലെ ഏക മാർഗം, ഒന്നുകിൽ ഡിസ്‌ചാർജ് ആവശ്യപ്പെട്ട് ഒരു അപേക്ഷ സമർപ്പിക്കുക, അല്ലെങ്കിൽ വിചാരണ നേരിടുക എന്നതാണ്' -ഇപ്രകാരമായിരുന്നു ബെഞ്ച് അതിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയത്.
ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ലത രജനികാന്തിനെതിരെ ബെംഗളൂരു കോടതിയിൽ പരാതി നൽകിയത്. വ്യാജരേഖ ഹാജരാക്കി ലത, സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു പ്രസ്‌താവനയും നടത്തുന്നതിൽ നിന്ന് കമ്പനിക്കും വിവിധ മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ താത്‌കാലിക വിലക്ക് നേടുകയും ചെയ്‌തു.