ന്യൂഡൽഹി : ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിലുള്ള സ്‌കൂളില്‍ സഹപാഠിയെ അടിക്കാന്‍ അധ്യാപിക മറ്റു വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി (Supreme Court of India). സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത് ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു (SC On Muzaffarnagar Slap- Punishment Can't Be Subject To Religious Discrimination). ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്നും ഒരു അധ്യാപികയുടെ ഏറ്റവും മോശമായ ശിക്ഷയാണിതെന്നും സുപ്രീം കോടതി വിശേഷിപ്പിച്ചു.
ഉത്തർ പ്രദേശ് പൊലീസ് (Uttar Pradesh Police) കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംഭവത്തെപ്പറ്റി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് (Senior IPS Officer) റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. റിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി (Tushar Gandhi) നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കവെ ഉത്തർപ്രദേശ് സർക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.
കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങളില്ലാതെയാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. ഇതില്‍ സുപ്രീം കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മതത്തിന്‍റെ പേരിലാണ് മകനെ മര്‍ദിച്ചതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നെങ്കിലും എഫ്ഐആറില്‍ അത് പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചയാണിതെന്നും കോടതി കുറ്റപ്പെടുത്തി.