ന്യൂഡല്‍ഹി :വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ പശ്ചിമബംഗാള്‍ സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി (SC On Interim VC Appointment In West Bengal). ഇതേ തുടര്‍ന്ന് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതില്‍ നിന്നും ഗവര്‍ണറെ സുപ്രീം കോടതി വിലക്കി. സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസ് പുറപ്പെടുവിക്കുകയും ചാന്‍സലറുടെ പ്രതികരണം തേടുകയും ചെയ്‌തു.
ഇടക്കാല വിസിമാരുടെ ശമ്പളവും അലവന്‍സുകളും സ്ഥിരം വിസിമാരുടേതായിരിക്കില്ലെന്നും അവര്‍ക്ക് അതിന് അര്‍ഹതയില്ലെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടന അധികാരിയായ ചാൻസലർക്കോ മുഖ്യമന്ത്രിക്കോ പ്രശ്നപരിഹാരത്തിന് കഴിയാത്തതെന്തെന്നും ബെഞ്ച് ചോദിച്ചു.