ന്യൂഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ (Udhayanidhi Stalin) നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഉത്തരവിടാൻ വിസമ്മതിച്ച് സുപ്രീം കോടതി (SC On Contempt Plea Against Udhayanidhi On Sanatana Dharma Row). ഇത്തരം കേസുകൾ പരിഗണിച്ചാൽ കോടതിയിൽ ഹർജികളുടെ പ്രളയം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ 'ആവശ്യമുള്ളിടത്ത് നടപടിയെടുക്കാൻ വേണ്ടത്ര ഭരണ സംവിധാനം നമുക്കുണ്ടോ' എന്നതാണ് ചോദ്യമെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
സനാതന ധർമ്മത്തിനെതിരായ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിനെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുന്ന ഹർജി അടക്കം, രാജ്യത്ത് നടന്ന വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
കോടതികൾ വ്യക്തിഗത കേസുകൾ പരിശോധിക്കാൻ തുടങ്ങിയാൽ, പ്രധാന വിഷയമായ വിദ്വേഷ പ്രസംഗം (Hate Speech) കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും, രാജ്യത്തുടനീളമുള്ള വ്യക്തിഗത കേസുകൾ കേൾക്കുന്നത് അസാധ്യമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. “ഞങ്ങൾക്ക് വ്യക്തിഗത കാഴ്‌ചപാടുകളുമായി ഇടപെടാൻ കഴിയില്ല. ഞങ്ങൾക്ക് ചെയ്യാനാകുന്നത് ഒരു അഡ്‌മിനിസ്ട്രേഷൻ മെക്കാനിസം സ്ഥാപിക്കുക എന്നതാണ്. അതില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാൽ നിങ്ങൾ ബന്ധപ്പെട്ട ഹൈക്കോടതിയിൽ പോകേണ്ടിവരും.” ജസ്റ്റിസ് ഖന്ന പറഞ്ഞു.