ന്യൂഡല്‍ഹി:പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാനത്ത് ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയും എതിര്‍ത്താണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പെണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നിരാകരിച്ചത്. തെരഞ്ഞെടുപ്പ് മാനദണ്ഡം ലംഘിക്കപ്പെട്ടുവെന്ന് തോന്നുന്നുവെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി.
ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് തടയണം; ഹര്‍ജി തള്ളി സുപ്രീം കോടതി - ന്യൂഡല്‍ഹി
വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയും പൊതുതാല്‍പര്യ ഹര്‍ജിയില്‍ എതിര്‍ത്തിരുന്നു.
മതവികാരത്തെ വ്രണപ്പെടുത്തുന്നതിന് താനെതിരാണെന്നും ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി നിരന്തരമായി ഉപയോഗിക്കുന്നതായും മനോഹര്‍ ലാല്‍ ശര്‍മ്മ കോടതിയെ ബോധിപ്പിച്ചു. ആയതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രവണതകള്‍ തടയണമെന്നും മനോഹര്‍ ലാല്‍ ശര്‍മ്മ കോടതിയോട് അഭ്യര്‍ഥിച്ചു. ഇതിനായി ആദ്യം ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയില്‍ ബംഗാളില്‍ മതമുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടികാട്ടി സിബിഐ കേസെടുക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഹര്‍ജില്‍ ഹ്രസ്വ വാദം കേട്ട സുപ്രീം കോടതി വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ഹര്‍ജി നിരസിക്കുകയുമായിരുന്നു. പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ആര്‍ട്ടിക്കിള്‍ 14ലെ തുല്യതയ്‌ക്കുള്ള അവകാശത്തിനെതിരാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടത്തുന്നതെന്നും അസമില്‍ മൂന്ന് ഘട്ടമാണെന്നും മനോഹര്‍ ലാല്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി.