ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 62 വയസായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് മേദാന്ത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി വരെ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും, പുലർച്ചെ 12.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സുപ്രീംകോടതി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ അന്തരിച്ചു - ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ
ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫെബ്രവരി 17, 2017ലാണ് ജസ്റ്റിസ് ശന്തനഗൗഡര്‍ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെടുന്നത്. 1958 മെയ് 5ന് കർണാടകയിൽ ജനിച്ച അദ്ദേഹം 1980 സെപ്റ്റംബർ 5നാണ് അഭിഭാഷകനായി ജീവിതം ആരംഭിക്കുന്നത്. 2003 മെയ് 12ന് കർണാടക ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറിൽ സ്ഥിരം ജഡ്‌ജിയായി. 2016 ഓഗസ്റ്റ് 1ന് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നതിന് മുമ്പ് 2016 സെപ്റ്റംബർ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടിരുന്നു.