ന്യൂഡൽഹി: 'സനാതന ധർമ്മം ഉന്മൂലനം ചെയ്യൂ' എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്‍റെ പരാമർശത്തിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന ഹർജിയിൽ സുപ്രീം കോടതി (SC Issues Notice) നോട്ടിസ് അയച്ചു. സനാതന ധര്‍മ്മം സാമൂഹ്യ നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്‌റ്റാലിന്‍ നടത്തിയ പരാമർശം (FIR Against Udhayanidhi For Eradicate Sanatan Dharma). ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് നോട്ടിസ് അയച്ചത്. ചെന്നൈയിലെ അഭിഭാഷകന്‍ ബി ജഗനാഥ് ആണ് ഉദയനിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്.
ഉദയനിധി സ്‌റ്റാലിന്‍റെ വിവാദ പരാമർശം: 'ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല, അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയയ്ക്കും സമാനമാണെന്നും അതിനെ നിർമാർജനം ചെയ്യണം' എന്നും പറഞ്ഞുകൊണ്ടാണ് സെപ്‌റ്റംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
അതേസമയം രാജ്യമൊട്ടാകെ ചർച്ച ചെയ്‌ത ഉദയനിധി സ്‌റ്റാലിന്‍റെ പരാമർശത്തിൽ പരാതിയുമായി ബിജെപി രംഗത്ത് വന്നിരുന്നു. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും ഉദയനിധി സ്‌റ്റാലിന്‍ പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഉദയനിധി സ്‌റ്റാലിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തുവന്നിരുന്നു. ഡിഎംകെ നേതാവ് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പറഞ്ഞാണ് മാളവ്യ പ്രതികരിച്ചത്.
മാളവ്യയുടെ ട്വീറ്റ്: 'തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍റെ മകനും ഡിഎംകെ സര്‍ക്കാരിലെ കായിക മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍ സനാതന ധര്‍മ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി ഉപമിച്ചിരിക്കുന്നു. അതിനെ തുടച്ചു നീക്കേണ്ടതുണ്ട്. വെറുതേ എതിര്‍ക്കുക മാത്രമല്ല, അതിനെ തുടച്ചു നീക്കണമെന്നാണ് അദ്ദേഹം പ്രസ്‌താവനയിൽ പറയുന്നത്. ചുരുക്കത്തിൽ സനാതന ധർമ്മം പിന്തുടരുന്ന ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു', മാളവ്യ എക്‌സില്‍ കുറിച്ചു.