ന്യൂഡൽഹി:ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തിങ്കള്‍, വെള്ളി ഒഴികെ എല്ലാ ദിവസവും വാദം കേള്‍ക്കല്‍ തുടരും.
ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് കക്ഷികളുടെ രേഖാമൂലമുള്ള നിവേദനങ്ങളും കണ്‍വീനിയന്‍സ് ക്രോഡീകരണങ്ങളും ജൂലൈ 27ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 11നാണ് ഇത് സംബന്ധിച്ച് ബെഞ്ച് ഉത്തരവിട്ടത്. 2019 ഓഗസ്റ്റ് 5നാണ് കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.
വിജ്ഞാപനത്തിന് ശേഷം നാല് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നത്. പ്രത്യേക പദവി എടുത്ത് കളയുകയും ജമ്മു-കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് 2019ല്‍ ഭരണ ഘടന ബെഞ്ചിന് വിട്ടിരുന്നത്.
ജമ്മു കശ്‌മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370: ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയിലെ 21ാം അനുച്ഛേദത്തിലാണ് കശ്‌മീരിന് പ്രത്യേക വദവി നല്‍കുന്ന ഈ വകുപ്പ് ഉള്ളത്. പ്രത്യേക നിബന്ധനകള്‍ ഉള്ള ഇവയില്‍ താത്‌കാലിക മാറ്റങ്ങള്‍ വരുത്താവുന്നതാണ്.