ന്യൂഡൽഹി :ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ ഉന്നതരുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഈ മാസം അഞ്ചിന് വാദം കേൾക്കും.
മുതിർന്ന മാധ്യമപ്രവർത്തകർ നൽകിയ ഹർജികളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഓഗസ്റ്റ് അഞ്ചിന് വാദം കേൾക്കുക.
മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്, അഭിഭാഷകൻ എംഎൽ ശർമ എന്നിവരാണ് ഹർജി നൽകിയത്. സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിയോ വിരമിച്ച ജഡ്‌ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ ഏതെങ്കിലും സർക്കാർ ഏജൻസികൾ പെഗാസസ് ലൈസൻസ് നേടിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പെഗാസസ് ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്.
ALSO READ:പാർലമെന്‍റിലെ പെഗാസസ് പ്രതിഷേധം; നഷ്ടം 133 കോടി
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധം മൂലം 133 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ജൂലായ് 19ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങിയപ്പോൾ മുതല്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പെഗാസസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷാവശ്യം.