ന്യൂഡല്‍ഹി: പീഡന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഗുവാഹത്തി ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ശ്രീനിവാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബിആര്‍ ഗവായ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീനിവാസിന്‍റെ ഹര്‍ജി പരിഗണിച്ചത്.
കേസില്‍ ദേശീയ വനിത കമ്മിഷന്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി ശ്രീനിവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിന്‍റെ പരാതിയിലാണ് ബിവി ശ്രീനിവാസിനെതിരെ കേസ്. ശ്രീനിവാസ് തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായി വനിത നേതാവ് പരാതിയില്‍ പറയുന്നു. മെയ് അഞ്ചിനാണ് ഗുവാഹത്തി കോടതി ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
Also Read:നാലാം ദിനവും 'നാടകം തുടരുന്നു': മുഖ്യനാകാൻ സിദ്ധരാമയ്യ, വിട്ടുകൊടുക്കില്ലെന്ന് ഡികെ ശിവകുമാർ
ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് കേസ് യോഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശ്രീനിവാസ് ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രണ്ട് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു എന്ന് ശ്രീനിവാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുവാഹത്തി കോടതിയില്‍ വാദിച്ചു. കേസ് ഡയറിയിലെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് രണ്ട് ജാമ്യാപേക്ഷകളും നിരസിച്ചത് എന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.