ന്യൂഡല്‍ഹി:സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ് പുതുതായി നിയമിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ശിപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി.
സുപ്രീം കോടതിയിൽ രണ്ട് പുതിയ ജഡ്‌ജിമാരുടെ നിയമനം അംഗീകരിച്ചു - സുപ്രീം കോടതിയിലേക്ക് പുതിയ രണ്ട് ജഡ്‌ജിമാര്‍
സുധാൻഷു ധൂലിയ, ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരാണ് പുതിയ ജഡ്ജിമാര്‍. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും
ജസ്റ്റിസ് സുധാൻഷു ധുലിയ ഉത്തരാഖണ്ഡിലെ ലാൻസ്‌ഡൗൺ സ്വദേശിയാണ്. 2008 നവംബറിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടു. 2021ൽ അസം– നാഗാലാൻഡ്– മിസോറം– അരുണാചൽ പ്രദേശ് ചീഫ്‌ജസ്‌റ്റിസായി. മുംബൈയിൽ ജനിച്ച ജസ്‌റ്റിസ് ജെ ബി പർദിവാല 2011ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടു. പരമോന്നത നീതി പീഠത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന പാഴ്‌സി സമുദായത്തിൽ നിന്നുള്ള നാലാമത്തെ ജഡ്‌ജിയും ആദ്യത്തെ ഹൈക്കോടതി ജഡ്‌ജിയുമാണ് ജസ്റ്റിസ് പർദിവാല.
അടുത്തയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും. അതേസമയം, സുപ്രീംകോടതിയിലെ നിരവധി ജഡ്‌ജിമാർ വരുംമാസങ്ങളിൽ വിരമിക്കും. ജസ്‌റ്റിസുമാരായ വിനീത്‌ശരണും എൽ നാഗേശ്വരറാവും ഈ മാസം 10, ജൂൺ ഏഴ് തിയതികളിൽ വിരമിക്കും. ജൂലൈ 29ന് ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ പടിയിറങ്ങും. ചീഫ്‌ജസ്‌റ്റിസ് എൻ വി രമണ, ജസ്‌റ്റിസ് ഇന്ദിരാബാനർജി, ജസ്‌റ്റിസ് യു യു ലളിത് എന്നിവർ ഓഗസ്റ്റ്, സെപ്‌തംബർ, നവംബർ മാസങ്ങളിൽ വിരമിക്കും.