ന്യൂഡല്‍ഹി:ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ക്രിമിനില്‍ പശ്ചാത്തലം വെളിപ്പെടുത്താത്തതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നു മുതല്‍ പത്ത് ലക്ഷം രൂപ വരെ പിഴയിട്ട് സുപ്രീം കോടതി. ജനതാദൾ യുണൈറ്റഡ്, രാഷ്ട്രീയ ജനതാദൾ, ലോക് ജനശക്തി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ ലോക് സമതാ പാർട്ടി എന്നീ പാര്‍ട്ടികള്‍ക്ക് എതിരെയാണ് നടപടി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷണൽ കോൺഗ്രസ് പാർട്ടി എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പിഴ. മറ്റുള്ളവര്‍ ഒരു ലക്ഷം രൂപയും നല്‍കണം. തുക എട്ട് ആഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അകൗണ്ടില്‍ നിക്ഷേപിക്കാനാണ് ഉത്തരവ്. സിപിഎമ്മും എൻസിപിയും നിർദ്ദേശങ്ങൾ പാലിക്കാന്‍ തയ്യാറാകാത്തതിനാലാണ് അവര്‍ക്ക് കൂടുതല്‍ തുക പിഴയിട്ടതെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണം
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളിലും വെബ്സൈറ്റുകളിലും സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലും പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് ഈ പാര്‍ട്ടികൾ നടപ്പാക്കിയില്ലെന്നാണ് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടികള്‍ക്ക് നേരെ സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജനതാദള്‍ തികച്ചും യാന്ത്രികവും അവ്യക്തവുമായാണ് വാര്‍ത്ത നല്‍കിയത്. വിഷയത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും പാര്‍ട്ടി തയ്യാറാക്കിയില്ലെന്നും കോടതി വ്യക്തമാക്കി.
പാര്‍ട്ടികളുടെ ലക്ഷ്യം വിജയ സാധ്യത മാത്രം
വിജയസാധ്യത മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കാക്കുന്നത്. സ്ഥാനാർഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ പരിഗണിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ലോക് ജനശക്തി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികള്‍ വിവരങ്ങള്‍ പ്രചാരം കുറഞ്ഞ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.
ഇവയാകട്ടെ തികച്ചും അവ്യക്തമായാണ് പ്രസിദ്ധീകരിച്ചതെന്നുമാണ് അമിക്കസ്ക്യൂറിയുടെ കണ്ടെത്തല്‍. മാത്രമല്ല എല്ലാ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിലും പാര്‍ട്ടികള്‍ പരാജയപ്പെട്ടു. കോടതി ഉത്തരവിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായതിനാലാണ് ശിക്ഷയില്‍ കുറവ് നടത്തിയത്. മുന്നോട്ടുള്ള ഭാവിയില്‍ ഉത്തരവ് ലംഘിക്കുന്നവര്‍ത്തെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടികള്‍ക്ക് ഇതുസംബന്ധിച്ച കാര്യങ്ങളെ കുറിച്ച് കൃത്യമായ മാര്‍ഗരേഖ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമിനിര്‍മാണ സഭയില്‍ ക്രിമിനലുകള്‍ക്ക് സ്ഥാനമില്ലെന്ന് കോടതി
ഇന്ത്യന്‍ രാഷ്ട്രീയം 'ക്രമിനല്‍ വത്കരണത്തിന്‍റെ പാതയിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിയമനിര്‍മാണ സഭയില്‍ എത്തുന്നത് ഭീഷണി ഉയര്‍ത്തുന്നതായും കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ നിയമനിര്‍മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഒരു ക്രിമിനല്‍ പോലും എത്താതിരിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും നിയമ സംവിധാനങ്ങളും കണ്ണും കാതും തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുറിച്ച് തങ്ങളുടെ ഹോം പേജില്‍ തന്നെ (ആദ്യം കാണുന്ന പേജ്) വാര്‍ത്ത നല്‍കാന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതുവഴി വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ അറിയാനും അഭിപ്രായ രൂപീകരണം നടത്താനും കഴിയും. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ എന്ന തലക്കെട്ടോടെ ഇത്തരം വാര്‍ത്ത നല്‍കണം. കൂടാതെ സ്ഥാനാര്‍ഥികളുടെ വിശദ വിവരങ്ങള്‍ അടങ്ങുന്ന മൊബൈല്‍ ആപ്പ് നിര്‍മിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വോട്ടര്‍മാരുടെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കും
വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥിയെ കുറിച്ച് അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാനാകില്ല. എന്ത് വിലകൊടുത്തും അത് സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ടിവി, പത്ര പരസ്യങ്ങൾ, പ്രൈം ടൈം ഡിബേറ്റുകൾ എന്നിവ സംഘടിപ്പിക്കണം. എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവരെ കണ്ടെത്താനായി ഒരു സമിതിയെ നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടുതല്‍ വായനക്ക്:ചെറിയ ആശ്വാസം: ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ഉപാധികളോടെ ജാമ്യം
രാഷ്ട്രീയ കക്ഷികൾ അവരുടെ സ്ഥാനാർഥികളെ തെരഞ്ഞെടുത്ത് 48 മണിക്കൂറിൽ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. കോടതി നിർദ്ദേശിച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ തീയതിക്ക് രണ്ടാഴ്ച മുമ്പുതന്നെ ഇവ പ്രസിദ്ധീകരിച്ച് തുടങ്ങണം. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുന്ന സത്യവാങ്മൂലത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാതിരിക്കുകയോ ഉത്തരവ് പാലിക്കാതിരിക്കുകയൊ ചെയ്താല്‍ അത് കോടതിയോടുള്ള അവഹേളനയായി കണ്ട് നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.