ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സൂപ്പർടെക് കമ്പനി ചട്ടലംഘിച്ച് നിർമിച്ച 40 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ പൊളിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 28 വരെ നീട്ടി സുപ്രീം കോടതി. ഇരട്ട ഗോപുരങ്ങൾ പൊളിക്കുന്നതിനായി നിയോഗിച്ച എഡിഫൈസ് എഞ്ചിനീറിങ് ഏജൻസി സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൂന്നുമാസം കൂടി നീട്ടി നൽകിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്‌ച (മെയ് 17) ഉത്തരവിട്ടത്.
നിയമവിരുദ്ധമായി നിർമിച്ച ടവറുകൾ പൊളിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ഈ വർഷം മെയ് 22 ആയിരുന്നു. ഇതിനു മുന്നോടിയായി എഡിഫൈസ് എഞ്ചിനീറിങ് നടത്തിയ പരീക്ഷണ സ്‌ഫോടനത്തിൽ, ടവറുകളുടെ ഘടന പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പൊളിക്കുന്നതിന് സമയപരിധി വേണ്ടിവരുമെന്ന് കാണിച്ച് സൂപ്പർടെക്കിനായി ഇടക്കാല റെസല്യൂഷൻ പ്രൊഫഷണൽ (ഐആർപി) സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്.