ന്യൂഡല്‍ഹി: ബിബിസിക്ക് രാജ്യത്ത് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി തെറ്റായ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതും പരിഗണന അര്‍ഹിക്കുന്നില്ല എന്നും പരാമര്‍ശിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്‍ററി ബിബിസി സംപ്രേക്ഷണം ചെയ്‌ത പശ്ചാത്തലത്തിലാണ് ചാനലിനെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ സജ്ഞീവ് ഖന്നയും എം എം സുന്ദ്രേഷും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹിന്ദു സേനയുടെ അധ്യക്ഷന്‍ വിഷ്‌ണു ഗുപ്‌ത, കര്‍ഷകനായ ബീരേന്ദ്ര കുമാര്‍ സിങ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതും പരിഗണനായോഗ്യവുമല്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത് എന്ന് ബെഞ്ച് വ്യക്തമാക്കി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിങ്ങള്‍ എങ്ങനെയാണ് വാദിക്കുക എന്ന് ജസ്റ്റിസ് ഖന്ന ചോദിച്ചു.
ഡോക്യുമെന്‍ററി ഇന്ത്യയ്‌ക്കെതിരായ കുപ്രചരണമെന്ന് ഹര്‍ജിക്കാര്‍:ഡോക്യുമെന്‍ററി പുറത്തുവരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് വ്യക്തമാക്കി. ഇന്ത്യ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരികയാണ്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ എന്നും അവര്‍ പറഞ്ഞു.
ഈ സാഹചര്യത്തിന് പ്രസ്‌തുത ഡോക്യുമെന്‍ററി എന്തെങ്കിലും മാറ്റം വരുത്തുമോ എന്നും പൂര്‍ണ സെന്‍സര്‍ഷിപ്പ് ഞങ്ങളെ കൊണ്ട് ഏര്‍പ്പെടുത്താനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ബെഞ്ച് ചോദിച്ചു. നിര്‍ഭയ കേസിലും, കശ്‌മീര്‍ വിഷയത്തിലും, മുംബൈ കലാപവുമായി ബന്ധപ്പെട്ട് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിങ്കി ആനന്ദ് വാദിച്ചു. തങ്ങളുടെ സമയം പാഴാക്കുകയാണ് ഈ ഹര്‍ജി എന്ന് പറഞ്ഞുകൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ബിബിസിക്ക് ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ത്യയുടെ ആഗോള തലത്തിലുള്ള ഉയര്‍ച്ചയ്‌ക്കെതിരായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 2002 ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി കുറ്റക്കാരനാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള ഡോക്യുമെന്‍ററി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള മോദിക്കെതിരായ കുപ്രചാരണം മാത്രമല്ല. മറിച്ച് ഇന്ത്യയിലെ സാമൂഹിക യോജിപ്പ് നശിപ്പിക്കാനായി ഹിന്ദുമതത്തിനെതിരായ കുപ്രചാരണം കൂടിയാണ്.
ഇന്ത്യ വിരുദ്ധമെന്ന് ആരോപണവിധേയമായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും. കൂടാതെ ഇന്ത്യയില്‍ ഈ ഡോക്യുമെന്‍ററിയുമായി പ്രവര്‍ത്തിച്ച ബിബിസിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്വേഷണം നടത്തണം. അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. ഇവര്‍ ഐപിസി, ഐടി നിയനം, 2000 എന്നിവയനുസരിച്ച് കുറ്റക്കാരാണെന്ന് കണ്ടാല്‍ വിചാരണ ചെയ്യുകയും ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേന്ദ്രസര്‍ക്കാറിന്‍റെ പ്രതികരണം തേടി: ബിബിസി ഡോക്യുമെന്‍ററി സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരായി കൊടുത്ത ഹര്‍ജികളില്‍ ഫെബ്രുവരി മൂന്നിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതികരണം തേടിയിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയിത്ര, അഭിഭാഷകന്‍മാരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ എന്നിവരാണ് ഡോക്യുമെന്‍ററി നിരോധനത്തിനെതിരായി ഹര്‍ജി കൊടുത്തത്. ഡോക്യുമെന്‍ററി തടയാനുള്ള തീരുമാനമെടുത്തതിന്‍റെ ഫയലുകളും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 21ന് വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന ട്വിറ്റര്‍ പോസ്‌റ്റുകളും ഡോക്യുമെന്‍ററിയുടെ യൂട്യൂബിലെ വിഡിയോകളും തടയാനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.