ന്യൂഡല്‍ഹി:അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് പാട്ടത്തിന് കൊടുത്തതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്‍റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. അദാനി കമ്പനിക്ക് പാട്ടത്തിന് കൊടുത്ത തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.
അദാനി കമ്പനി തിരുവനന്തപുരം വിമാനത്താവളം 2021 ഒക്‌ടോബര്‍ മുതല്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും പരിഗണിക്കപ്പെടേണ്ട യാതൊരു കാര്യവും ഹര്‍ജിയില്‍ ഇല്ലെന്നും ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് ബെല എം ത്രിവേദിയും അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചയാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉന്നയിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലേലത്തില്‍ കോട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ തുകയുടെ പത്ത് ശതമാനത്തിന് ഉള്ളില്‍ സംസ്ഥാന സര്‍ക്കാറിന് 25 ശതമാനമെങ്കിലും ഓഹരിയുള്ള കമ്പനിക്ക് പ്രഥമ പരിഗണനയുണ്ടാകുമെന്ന്(right of first refusal ) ഈ ചര്‍ച്ചയില്‍ ധാരണയായി.