ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് കസ്‌റ്റഡിയിൽ കഴിയുന്ന മുൻ എംപിയും ഗുണ്ട നേതാവുമായ ആതിഖ് അഹമ്മദിന് കസ്റ്റഡിയില്‍ സംരക്ഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ തന്നെയും കുടുംബത്തെയും പ്രതികളാക്കിയത് മനപ്പൂർവമാണെന്നും കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സംരക്ഷണം ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.
പൊലീസിന്‍റെ കസ്റ്റഡിയിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആതിഖ് അഹമ്മദിന്‍റെ വാദത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ അഹമ്മദിന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. അഹമ്മദിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും മുൻ സമാജ്‌വാദി പാർട്ടി എംപിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി നിരസിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ജീവന് ഭീഷണിയുണ്ടെങ്കിൽ ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്നും കോടതി പറഞ്ഞു.