ന്യൂഡല്‍ഹി: കൊവിഡ് മൂലം ഹാജര്‍ നില കുറഞ്ഞ ഖൊരക്‌പൂര്‍ എയിംസിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 11 ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്കായാണ് പരീക്ഷ നടത്താന്‍ എയിംസിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ഹാജര്‍ നില കുറഞ്ഞതിനാല്‍ ആദ്യ വര്‍ഷ പരീക്ഷയിലിരിക്കാന്‍ 11 വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനം അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കൊവിഡ് മൂലം ഹാജര്‍ കുറഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്താന്‍ ഖൊരക്‌പൂര്‍ എയിംസിനോട് സുപ്രീം കോടതി - ന്യൂഡല്‍ഹി
ഹാജര്‍ നില കുറഞ്ഞതിനാല്‍ ആദ്യ വര്‍ഷ പരീക്ഷയിലിരിക്കാന്‍ 11 വിദ്യാര്‍ഥികള്‍ക്ക് ഖൊരക്‌പൂര്‍ എയിംസ് അനുമതി നല്‍കിയിരുന്നില്ല. നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികളില്‍ ചിലര്‍ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരായിരുന്നുവെന്നും അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എയിംസ് മറ്റ് പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും നല്‍കണമെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പ്രഖ്യാപിക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ ഇതൊരു മാതൃകയായി കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കൊവിഡിന് മുന്‍പും വിദ്യാര്‍ഥികളുടെ ഹാജര്‍ നില കുറവായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ എയിംസ് തയ്യാറായിരുന്നില്ല.