ന്യൂഡല്‍ഹി:വിവാഹിതയായ സ്‌ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയുള്ള സുപ്രീംകോടതി ഉത്തരവ് തത്‌ക്കാലത്തക്ക് സ്റ്റേ ചെയ്‌തു (SC Defers Termination Of 26 Week Pregnancy). രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ച സ്‌ത്രീക്കാണ് കഴിഞ്ഞ ദിവസം ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി ഉത്തരവ് നല്‍കിയത്. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര പ്രതിനിധിയായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്‌തത്.
അമ്മയ്‌ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ അഭിപ്രായത്തെ തുടര്‍ന്നാണ് ഐശ്വര്യ ഭാട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ ഔപചാരിക അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഭാട്ടിയോട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 10) ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് സ്‌ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തോടെ 'പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍' (Postpartum Depression) എന്ന വിഷാദാവസ്ഥ അനുഭവിക്കുകയാണെന്നും അതിനായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയാണെന്നും സ്‌ത്രീ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭ നിരോധനത്തിന് മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കിലും അത് ഫലപ്രദമാകാത്തതോടു കൂടി വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നുവെന്നും നിലവില്‍ മാനസികമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്നും സ്‌ത്രീ കോടതിയെ അറിയിച്ചിരുന്നു (Supreme Court About 26-week pregnancy).
താന്‍ ഗര്‍ഭിണിയാണെന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും മാനസികമായും സാമ്പത്തികമായും പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും സ്‌ത്രീ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് പരിഗണിച്ച കോടതി സ്‌ത്രീ വിഷാദ രോഗത്തിന് അടിമയാണെന്നും മാനസികമായും സാമ്പത്തികമായും കുഞ്ഞിനെ വളര്‍ത്തുന്നതില്‍ പ്രയാസം നേരിടുമെന്നും അതുകൊണ്ട് ഗര്‍ഭം അലസിപ്പിക്കാമെന്ന് ഉത്തരവിട്ടു. ഹര്‍ജിക്കാരിയുടെ മാനസിക സാമ്പത്തിക നില പ്രധാനമാണ്. ഒരു സ്‌ത്രീക്ക് തന്‍റെ ശരീരത്തിലുള്ള അവകാശത്തെ അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അതിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുക ഹര്‍ജിക്കാരിയാണെന്നും നിലവിലെ സാഹചര്യത്തില്‍ അവര്‍ അതിന് പ്രാപ്‌തയല്ലെന്നും വ്യക്തമാക്കിയിരുന്നു.
മുലയൂട്ടുന്ന സ്‌ത്രീ ഗര്‍ഭിണിയാകുന്നത് അപൂര്‍വമാണെന്നും അതുകൊണ്ട് ഇത് അപൂര്‍വ്വ കേസായി പരിഗണിക്കുന്നുവെന്നും കോടതി പറഞ്ഞു. മുമ്പ് ഹര്‍ജിക്കാരിയുടെ ആരോഗ്യ നില വിലയിരുത്താന്‍ എയിംസിനോട് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ സമീപിച്ചത്.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ (Postpartum Depression (PPD) :പ്രസവ ശേഷം സ്‌ത്രീകള്‍ നേരിടുന്ന മാനസികാവസ്ഥ അല്ലെങ്കില്‍ വിഷാദ രോഗമാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന സ്‌ത്രീകളില്‍ ആവശ്യമില്ലാതെ ഭയം, ദുഃഖം എന്നിവയുണ്ടാകുന്നു. പ്രസവ ശേഷം ഒരു മാസത്തിന് ശേഷമോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളിലോ ആണ് ഇത്തരം മാനസിക പ്രയാസങ്ങള്‍ കാണാറുള്ളത്. പ്രസവാനന്തര വിഷാദം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ ചികിത്സ നല്‍കുന്നതാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഉത്തമം.