ന്യൂഡൽഹി: കടല്‍ക്കൊല കേസിലെ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് നീട്ടി സുപ്രീം കോടതി. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള അപെക്‌സ് കോടതിയാണ് കേള്‍ക്കുക.
കുടുംബങ്ങള്‍ക്ക് നാല് കോടി വീതം
ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ ഇറ്റലി സർക്കാർ 10 കോടി രൂപ നഷ്‌ടപരിഹാരം നൽകുമെന്നാണ് അറിയിച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് നാലു കോടി രൂപ വീതവും തകർന്ന സെന്‍റ് ആന്‍റണി ബോട്ടിന്‍റെ ഉടമയ്‌ക്ക് രണ്ടു കോടി രൂപയുമാണ് നൽകുകയെന്ന് ഡൽഹിയിലെ ഇറ്റാലിയൻ എംബസി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
വഴിത്തിരിവായത് രാജ്യാന്തര ട്രിബ്യൂണൽ വിധി
മരിച്ചവരുടെ കുടുംബങ്ങൾക്കു നേരത്തെ ഇറ്റലി സർക്കാർ ഒരു കോടി രൂപ വീതം കൈമാറിയിരുന്നു. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15 നാണ് എൻറിക ലെക്‌സി കപ്പലിൽനിന്ന് വെടിവയ്‌പുണ്ടായത്. ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ല. മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്നും രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചിരുന്നു.
2020 മേയ് 21 നാണ് ട്രിബ്യൂണല്‍ വിധി വന്നത്. തുടർന്ന്, കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ ഇടപെട്ടു. നഷ്‌ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഇതോടെ, ബന്ധുക്കളുടെ അനുവാദത്തോടെ നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചു. അത് കേന്ദ്രസർക്കാർ അംഗീകരിയ്ക്കുകയുമാണുണ്ടായത്.
ALSO READ:ഒഡിഷയില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാനെത്തി ബി.ജെ.ഡി എം.എല്‍.എ