ന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്‌ജി ജസ്റ്റിസ് പുഷ്‌പ വി ഗനേഡിവാലയെ സ്ഥിരം ജഡ്‌ജിയായി നിയമിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി കോളീജിയം തീരുമാനിച്ചു. ഇതോടെ അടുത്ത വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് പുഷ്‌പക്ക് ജില്ല ജഡ്‌ജിയായി വിരമിക്കേണ്ടി വരും.
പോക്‌സോ കേസുകളിൽ ചർമ്മത്തിൽ നേരിട്ട് സ്‌പർശിക്കാതെ ശരീരത്തിൽ മോശം ഉദ്ദേശത്തോടെ സ്‌പർശിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്ന പുഷ്‌പ വി ഗനേഡിവാലയുടെ ഉത്തരവ് വിവാദമായിരുന്നു. വസ്‌ത്രത്തിന് മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടങ്ങളിൽ സ്‌പർശിച്ച 39കാരനായ പ്രതിയെ പോക്‌സോ കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കി ജസ്റ്റിസ് പുഷ്‌പ വിധി പുറപ്പെടുവിച്ചിരുന്നു.
വിവാദ വിധിക്ക് ഒൻപതാം ദിനം അഞ്ച് വയസുള്ള കുട്ടിയുടെ കൈ പിടിച്ച് പാന്‍റ്സിന്‍റെ സിപ് അഴിച്ച 50 കാരനേയും പോക്‌സോ കേസിൽ നിന്ന് ഒഴിവാക്കി ജസ്റ്റിസ് പുഷ്‌പ ഉത്തരവിട്ടിരുന്നു. ഇതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ ഈ രണ്ട് വിധികളും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ALSO READ:വിവാഹ പ്രായമായില്ലേ..! ചോദ്യം ഉന്നയിക്കാൻ വരട്ടെ, കേന്ദ്രനിയമം മാറി; തുല്യനീതി 43 വര്‍ഷത്തിന് ശേഷം
വിധിയുടെ അടിസ്ഥാനത്തിൽ സ്ഥിരം ജഡ്‌ജിയാക്കാനായി കേന്ദ്ര സർക്കാരിനയച്ച ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചുവിളിച്ചിരുന്നു. തുടർന്ന് അഡീഷണൽ ജഡ്‌ജിയായി രണ്ട് വർഷം കൂടി കാലാവധി നീട്ടിനൽകാൻ കൊളീജിയം ശുപാർശ ചെയ്‌തുവെങ്കിലും കാലാവധി ഒരു വർഷം മാത്രമായി കേന്ദ്ര സർക്കാർ നീട്ടിനൽകുകയായിരുന്നു. ഈ കാലാവധിയാണ് അടുത്ത വർഷം അവസാനിക്കുക.