ന്യൂഡല്‍ഹി:ഗുജറാത്ത് ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ (Ashish J Desai) കേരള ഹൈക്കോടതി (Kerala High Court) ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം (Supreme Court Collegium) ശുപാര്‍ശ. ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ.ദേശായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും.
2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായ അദ്ദേഹം 2013ല്‍ സ്ഥിരം ജഡ്ജിയായി. ഈ വര്‍ഷം ഫെബ്രുവരി 26 ന് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്‌ടിങ് ചീഫ് ജസ്റ്റിസായും നിയമിതനായിരുന്നു. കേരളത്തിന് പുറമെ ഒറീസ, ആന്ധ്രാപ്രദേശ്, മണിപ്പുര്‍, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതികള്‍ക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
1962 ജൂലൈ 5ന് വഡോദരയിലാണ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയുടെ ജനനം. 1983 മുതൽ 1989 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ജിതേന്ദ്ര പി ദേശായി ആണ് അദ്ദേഹത്തിന്‍റെ പിതാവ്. അഹമ്മദാബാദിലെ സർ എൽ.എ. ഷാ ലോ കോളേജിൽ നിന്ന് നിയമ ബിരുദം 1985ലാണ് അദ്ദേഹം പൂര്‍ത്തിയാക്കുന്നത്.
അതേവര്‍ഷം നവംബര്‍ 27ന് ദേശായി ഗുജറാത്തിലെ ബാർ കൗൺസിലില്‍ അഭിഭാഷകനായി എനൻറോള്‍ ചെയ്‌തു. എംസി ഭട്ട്, ദക്ഷ എം ഭട്ട് എന്നിവര്‍ക്ക് കീഴിലായിരുന്നു ആദ്യ കാലങ്ങളില്‍ ആശിഷ് ദേശായിയുടെ പ്രാക്‌ടീസ്. അഹമ്മദാബാദിലെ സിറ്റി സിവിൽ സെഷൻസ് കോടതിയിൽ അഭിഭാഷകനായി അദ്ദേഹം പ്രാക്‌ടീസ് ചെയ്‌തിരുന്നു.
1991 മുതലാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ പ്രാക്‌ടീസ് ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം 1994-ൽ അസിസ്റ്റന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറായും 1995-ൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിക്കപ്പെട്ടു.