ന്യൂഡൽഹി :ജാർഖണ്ഡിലെ അഡീഷണൽ സെഷൻസ് ജഡ്‌ജി ഉത്തം ആനന്ദിന്‍റെ കൊലപാതകത്തിലെ സിബിഐ അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി.
ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
ജസ്റ്റിസ് വിനീത് സരൺ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബഞ്ച് സിബിഐയോട് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ആഴ്‌ച തോറും കേസിന്‍റെ അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചിൽ സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം.
അതേസമയം സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ സംസ്ഥാനം ഇതിനകം വ്യക്തമാക്കിയ കാര്യങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജഡ്‌ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തി
വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ ഇതിനകം അറസ്റ്റ് ചെയ്‌തെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേസിന്‍റെ പുരോഗതി വിലയിരുത്തുമെന്നും ആവശ്യമായി വരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസിൽ ഇടപെടൽ നടത്തി സുപ്രീം കോടതി
പ്രഭാത സവാരിക്ക് പോയ സമയത്താണ് ധൻബാദ് ജില്ല സെഷൻസ് ജഡ്‌ജി ഉത്തം ആനന്ദിനെ അക്രമികൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് കൊലപാതകമാണെന്ന് മനസിലായത്.
ജഡ്‌ജിമാരുടെ സംരക്ഷണത്തിൽ ഇടപെട്ട സുപ്രീം കോടതി കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.
ജഡ്‌ജിമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സിബിഐ, ഇന്‍റലിജൻസ് ബ്യൂറോകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
READ MORE:പ്രഭാതസവാരിക്കിടെ ജഡ്‌ജിയുടെ മരണം, കൊലപാതകമെന്ന് മനസിലായത് സിസിടിവി ദൃശ്യങ്ങളില്‍