ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പ്രവേശന പരീക്ഷയെഴുതാന്‍ വനിതകള്‍ക്കും അവസരം. സെപ്‌റ്റംബര്‍ അഞ്ചിന് നടക്കുന്ന പ്രവേശന പരീക്ഷയെഴുതാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, റിഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വനിതകളെ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കരസേനയുടെ നയം ലിംഗ വിവേചനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കോടതി വിമര്‍ശിച്ചു. പ്രവേശനം കോടതിയുടെ അന്തിമ വിധിയ്ക്കനുസരിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
അഭിഭാഷകനായ കുഷ് കല്‍റയാണ് വനിതകളെ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്. അര്‍ഹതപ്പെട്ട വനിത ഉദ്യോഗാര്‍ഥികളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ 14,15,16,19 വകുപ്പുകളുടെ ലംഘനമാണെന്നും ഇത് ന്യായീകരിക്കാനാകില്ലെന്നും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വ്യത്യാസമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവയിലൂടെയാണ് സൈന്യത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരമുള്ളത്.
Read more: വനിതകളെ സൈന്യത്തിൽ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കാമെന്ന് സുപ്രീംകോടതി