ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത് ചോദ്യം ചെയ്‌ത ഹർജികളിന്മേലുള്ള വാദം സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് ജനുവരി മൂന്നാം ആഴ്‌ചയിലേക്ക് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വോട്ടിംഗ് നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജയശങ്കർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത ഹർജികളിന്മേലുള്ള വാദം ജനുവരിയിലേക്ക് മാറ്റി
ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് ജനുവരി മൂന്നാം ആഴ്‌ചയിലേക്ക് നീട്ടിയത്
കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാണ്ഡെ ഉൾപ്പടെയുള്ളവരാണ് ഹർജിക്കാർ. രാജ്യസഭയിലെ തെരഞ്ഞെടുപ്പ്, ഉപ -തെരഞ്ഞെടുപ്പ് എന്നിവ നടത്തുന്നതിന് പ്രത്യേക വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരത്തെയും ഹർജിക്കാർ ചോദ്യം ചെയ്‌തിട്ടുണ്ട്. അതേ സമയം ഗുജറാത്തിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി ജുഗൽജി താക്കോറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹർജികൾ കോടതി തള്ളി. കോണ്‍ഗ്രസ് നേതാക്കളായ ചന്ദ്രികാബെൻ ചുദാസാമ, പരേഷ്‌കുമാർ ധനാനി എന്നിവർ സമർപ്പിച്ച ഹർജി ആണ് കോടതി തള്ളിത്.
മന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി എന്നിവരുടെ ഒഴിവുകളിലേക്ക് നടന്ന ഉപ-തെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ജയശങ്കറിനെയും താക്കൂറിനെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്.