ന്യൂഡല്‍ഹി:മൂന്നുമാസമോ അതിലധികമോ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വിമർശനം കടുത്തതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറായത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരുമെന്നും എസ്.ബി.ഐ അറിയിച്ചു.
നിർദേശങ്ങൾ വ്യക്തമല്ലാത്തതോ പഴയതോ ആയതുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, പുതുക്കിയ നിര്‍ദേശങ്ങളെ സ്ത്രീകളോടുള്ള വിവേചനമായി ചില മാധ്യമങ്ങളില്‍ വ്യാഖ്യാനിയ്‌ക്കുകയുണ്ടായി. ഏകദേശം 25 ശതമാനം വരുന്ന വനിത ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനും എസ്.ബി.ഐ സജീവമായി ഇടപെടുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.