ഇന്ത്യയിൽ 65 ശതമാനത്തിലധികവും 35 വയസിൽ താഴെയുള്ളവരാണ്. സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ ഉഴപ്പ് കാണിക്കുന്നവരാണ് ചെറുപ്പക്കാർ. ഭാവി കാര്യങ്ങളെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങോ, പണത്തിന്‍റെ വിനിയോഗത്തെപ്പറ്റിയുള്ള ധാരണക്കുറവോ ഒക്കെയാകാം ഈ ഉഴപ്പിന് പ്രധാന കാരണം. കയ്യിൽ വരുന്ന പണം അപ്പപ്പോൾ ചെലവാക്കി കളയുന്ന ശീലം നാം ഓരോരുത്തർക്കും ഉള്ളതാണ്.
എന്നാൽ നാം പാലിക്കേണ്ട ശീലങ്ങളിൽ പ്രധാനമായ ഒന്നാണ് മണി മാനേജ്‌മെന്‍റ്. പഠന കാലത്ത് പണത്തിന്‍റെ വരവ് പോക്കുകൾ നാം ശ്രദ്ധിക്കാറില്ല. കാരണം ആ സമയങ്ങളിൽ നാം മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിക്കാറ്. എന്നാൽ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുമ്പോൾ ആദ്യ ശമ്പളം മുതൽ നിങ്ങൾ സമ്പാദിക്കുന്ന ഓരോ രൂപയും ചെലവഴിക്കുന്നത് ശ്രദ്ധാപൂർവം ചിന്തിച്ച് മാത്രമായിരിക്കണം.
ആദ്യ ശമ്പളം 50:50 എന്ന അനുപാതത്തിൽ പങ്കുവയ്‌ക്കൂ. നിങ്ങളുടെ വരുമാനത്തിന്‍റെ 50 ശതമാനം ചെലവുകൾക്കും ബാക്കി സേവിങ്‌സുകളായും സൂക്ഷിക്കുക. മാറ്റി വച്ച മറ്റേ 50 ശതമാനം റിസ്‌ക് ഫ്രീ സ്‌കീമുകളിൽ നിക്ഷേപിക്കുക. ഇത് അടിസ്ഥാനപരമായി നിങ്ങളിൽ ഒരു സേവിങ്സ് നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും നിക്ഷേപത്തിലെ അപകടങ്ങളെക്കുറിച്ചും ധാരണയുണ്ടായാൽ ഉയർന്ന റിട്ടേണ്‍ സ്‌കീമുകളിൽ നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്.
സുരക്ഷിതമായി നിക്ഷേപിക്കാം: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കാൻ ശ്രമിക്കുക. ഒരു നിശ്ചിത ലക്ഷ്യവുമായി ബന്ധിപ്പിച്ചാൽ മാത്രമേ നിക്ഷേപം ദീർഘകാലം നിലനിൽക്കുകയുള്ളു. അല്ലാത്തപക്ഷം അവ തുടങ്ങുന്നതും പാതിവഴിയിൽ നിർത്തുന്നതും ഒരു ശീലമായി മാറും.
അതിനാൽ ഹ്രസ്വവും ദീർഘകാലവുമുള്ള ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക. അവയ്‌ക്ക് അനുയോജ്യമായ നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കുക. ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ കഴിയുന്ന സ്‌കീമുകളാണ് പലരും തെരഞ്ഞെടുക്കുന്നത്. ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഇത്തരം സ്‌കീമുകളാണ് അനുയോജ്യം.