ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായി മുന്‍ ചീഫ് ജസ്‌റ്റിസ് ബിഎന്‍ കൃപാലിന്‍റെ മകന്‍ സൗരഭ് കൃപാലിനെ നിയമയിക്കണമെന്നവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും ശുപാര്‍ശ നല്‍കി സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്‌റ്റിസ് എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്‍റേതാണ് ശുപാര്‍ശ. ഇതോടെ രാജ്യത്തെ ആദ്യ സ്വവർഗാനുരാഗ ജഡ്‌ജി എന്ന നേട്ടം സൗരഭ് കൃപാല്‍ സ്വന്തമാക്കും.
2017ല്‍ ചീഫ് ജസ്‌റ്റിസായിരുന്ന ഗീത മിത്താല്‍ സുപ്രീം കോടതി കൊളീജിയം നയിച്ചിരുന്ന കാലത്തായിരുന്നു സൗരഭ് കൃപാലിനെ ജഡ്‌ജിയാക്കണമെന്ന ശുപാര്‍ശ ആദ്യമായി കേന്ദ്രത്തിനയച്ചത്. പിന്നീട് 2017ലും 2021ലും അയച്ച ശുപാര്‍ശകളടക്കം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ലൈംഗികാഭിമുഖ്യം വ്യക്തമാക്കിയും സൗരഭിന്‍റെ പങ്കാളി സ്വിസ് പൗരനാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ തിരിച്ചയച്ചത്.
മാര്‍ച്ചില്‍ 31 ജഡ്‌ജിമാരും ഏകകണ്‌ഠമായി അദ്ദേഹത്തിന്‍റെ പദവി അംഗീകരിച്ചതിനെ തുടര്‍ന്ന് കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും രണ്ട് ദശാബ്‌ദം അദ്ദേഹം അഭിഭാഷകനായിരുന്നു. സുപ്രീം കോടതി സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളിലെ ഹര്‍ജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍.
ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ നിന്നുമാണ് കൃപാല്‍ നിയമപഠനത്തില്‍ ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 'ലൈംഗികതയും സുപ്രീം കോടതിയും- എങ്ങനെയാണ് നിയമം ഇന്ത്യന്‍ പൗരന്‍റെ അന്തസിനെ ഉയര്‍ത്തിക്കാട്ടുന്നത്' എന്ന പുസ്‌തകം അദ്ദേഹം എഡിറ്റ് ചെയ്‌തിട്ടുണ്ട്.
ഹൈക്കോടതിയില്‍ കൃപാലിനെ ജഡ്‌ജിയാക്കണമെന്നാവശ്യപ്പെടുന്ന ശുപാര്‍ശ അഞ്ച് വര്‍ഷക്കാലമായി മുടങ്ങിക്കിടക്കുകയാണ്. സ്വവര്‍ഗാനുരാഗിയാണെന്ന് ചൂണ്ടികാട്ടി കൃപാലിന് ജഡ്‌ജി സ്ഥാനം നിഷേധിക്കുന്നത് ശരിയല്ലെന്നും ലൈംഗികാഭിമുഖ്യം അദ്ദേഹം മറച്ചുവച്ചിട്ടില്ലെന്നും കൊളീജിയം ചൂണ്ടികാട്ടി. അതിനാല്‍, എത്രയും വേഗം ഇത് പരിഹരിക്കണമെന്നും കൊളീജിയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.