കൊൽക്കത്ത (പശ്ചിമ ബംഗാൾ): സൗദി എയർലൈൻസിന്‍റെ കാർഗോ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്‌തു. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ഉച്ചയ്‌ക്ക് 12.02 ഓടെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ലാൻഡിംഗിന് മുന്നോടിയായി വിമാനത്താവളം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
അടിയന്തര ലാൻഡിങ്ങിന് വിമാനത്തിന്‍റെ പൈലറ്റ് അനുമതി തേടിയതിന് പിന്നാലെ 11.30ഓടു കൂടി വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ലാൻഡിങ്ങിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതിന് പിന്നാലെ സമ്പൂർണ അടിയന്തരാവസ്ഥ പിൻവലിച്ചതായും എയർപോർട്ട് അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇത്തിഹാദ് എയർവേയ്‌സ് വിമാനം സാങ്കേതിക തകരാർ മൂലം ടേക്ക് ഓഫ് ചെയ്‌ത് അൽപ സമയത്തിനകം ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയിരുന്നു. പരിശോധനകൾക്ക് ശേഷം വിമാനം ഇന്ന് രാവിലെ ലക്ഷ്യ സ്ഥാനത്തേക്ക് പറന്നതായി ബെംഗളൂരു വിമാനത്താവള അധികൃതർ വ്യക്‌തമാക്കിയിരുന്നു.
നേരത്തെ ദുബായിലേക്കുള്ള ഫെഡെക്‌സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. ലാന്‍ഡിങ്ങിനായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും പരിശോധനയ്ക്ക് ശേഷം യാത്ര പുനരാരംഭിക്കുകയും ചെയ്‌തു.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് ബെംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പോയ ഇൻഡിഗോ വിമാനവും സാങ്കേതിക തകരാർ മൂലം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. 137 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് നടത്തിയത്. പരിശോധനകൾക്ക് ശേഷം വിമാനം വാരാണസിയിലേക്ക് യാത്ര തിരിച്ചിരുന്നു.