ജയ്‌പൂർ:2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നമ്മുടെ സൈനികരുടെ മൃതശരീരത്തിന് മുകളിലാണ് നടന്നതെന്ന വിവാദ പ്രസ്‌താവനയുമായി ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചിരുന്നു എന്ന് പറഞ്ഞ മാലിക് സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞു. അൽവാർ ജില്ലയിലെ ബൻസൂരിൽ നടന്ന പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാലിക്.
'നമ്മുടെ സൈനികരുടെ മൃതശരീരത്തിന് മുകളിലാണ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. പുൽവാമ ആക്രമണത്തിൽ സർക്കാരിന് വലിയ വീഴ്‌ച സംഭവിച്ചത്. ഒരു അന്വേഷണവും നടന്നില്ല, കാരണം അന്വേഷണം നടന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജിവെക്കേണ്ടി വരും. പല ഉദ്യോഗസ്ഥരും ജയിലിലാകുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം എന്നോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടത്,' സത്യപാൽ മാലിക് പറഞ്ഞു.
ലഡാക്ക്, ജമ്മു കശ്‌മീർ എന്നി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് താൻ ഗവർണറായിരുന്ന ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മാലിക് ഇതിന് മുമ്പ് വിവാദ പ്രസ്‌താവനകൾ നടത്തിയിരുന്നു. 2019 ഫെബ്രുവരി 14 ന് പുൽവാമ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ജിം കോർബറ്റ് നാഷണൽ പാർക്കിൽ വെടിവെപ്പിലായിരുന്നുവെന്നും ഞായറാഴ്‌ച നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.