ബെംഗളൂരു: അഴിമതിക്കേസിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല നാല് വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കി ബുധനാഴ്ച പുറത്തിറങ്ങും. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ശശികല ആശുപത്രിയിൽ ചികിത്സയിൽ തുടരും. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സഹായിയായിരുന്ന ശശികലയെ ഔദ്യോഗികമായി വിട്ടയക്കുന്നു എന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു.
വികെ ശശികല ബുധനാഴ്ച ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങും - എഐഎഡിഎംകെ നേതാവ് വികെ ശശികല
കൊവിഡ് സ്ഥിരീകരിച്ച ശശികല ആശുപത്രിയിൽ ചികിത്സയിൽ തുടരും
ജയിൽ മോചനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ബുധനാഴ്ച ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 20നാണ് ശശികലയെ കൊവിഡ് ബാധിച്ച് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശികലയെ ആശുപത്രിയിൽ നിന്ന് എപ്പോൾ വിട്ടയക്കുമെന്ന് വ്യക്തമല്ല. എന്നാൽ നിലവിൽ ശശികലയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 കോടി രൂപയുടെ അഴിമതിക്കേസിലാണ് 2017 ഫെബ്രുവരിയിൽ ശശികലയെ നാല് വർഷം തടവിന് ശിക്ഷിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ശശികലക്ക് 10 ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും.