ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയെ പരിഹസിച്ച് ബിജെപി. തരൂരിന്‍റെ പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരിന്‍റെ ഭാഗങ്ങൾ ഇല്ലാത്ത 'വികലമായ ഭൂപട'മായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് ഗാന്ധിമാരുടെ (സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി) പിന്തുണ ലഭിക്കാനാണെന്നുമാണ് ബിജെപിയുടെ പരിഹാസം. ശശി തരൂര്‍ ഇന്ന് (30.09.2022) സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ജമ്മു കശ്‌മീരിന്‍റെയും ലഡാക്കിന്‍റെയും ചില ഭാഗങ്ങള്‍ വ്യക്തമാകാത്തതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം.
"എല്ലാം 'ഗാന്ധിമാരെ' പ്രീതിപ്പെടുത്താൻ", ശശി തരൂരിന്‍റെ പ്രകടന പത്രികയും വിവാദത്തില്‍: ശരിയാക്കിയെന്ന് തരൂരിന്‍റെ ഓഫീസ്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തരൂരിന്‍റെ പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരിന്‍റെ ഭാഗങ്ങൾ ഇല്ലാത്ത 'വികലമായ ഭൂപട'മായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് ഗാന്ധിമാരുടെ (സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി) പിന്തുണ ലഭിക്കാനാണെന്നുമാണ് ബിജെപിയുടെ പരിഹാസം.
ഭൂപടം ശരിയാക്കി: വിവാദത്തിന് പിന്നാലെ ഭൂപടം ശരിയാക്കിയെന്ന് ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് തരൂരിന്‍റെ പ്രകടന പത്രികയിലെ ഭൂപടത്തില്‍ തെറ്റുപറ്റിയതായി പരിഹസിച്ച് ട്വീറ്ററിലൂടെ രംഗത്തെത്തിയത്. " രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായിരിക്കുമ്പോൾ, കോണ്‍ഗ്രസ് അധ്യക്ഷനാകാനിരിക്കുന്നയാള്‍ ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി ലഭിക്കുമെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം" എന്ന് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
"ഇത് ഒരു തെറ്റോ മണ്ടത്തരമോ അല്ല, ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോൺഗ്രസ് നയമാണ്" എന്നറിയിച്ച് ബിജെപി ദേശീയ വക്താവ് ആർപി സിംഗും വിഷയം ഏറ്റുപിടിച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷപദത്തേക്കുള്ള മത്സരത്തില്‍ തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പ്രധാന മത്സരാര്‍ഥികളായുള്ളത്.