അമൃത്‌സർ: 1991ൽ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച് 2013ൽ ലാഹോറിൽ വച്ച് അന്തരിച്ച സരബ്‌ജിത് സിങ്ങിന്‍റെ സഹോദരി ദൽബീർ കൗർ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് അമൃത്‌സറിൽ ശനിയാഴ്‌ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വർഷമായി ദൽബീറിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നുവെന്ന് സരബ്‌ജിത് സിങ്ങിന്‍റെ മകൾ പൂനം പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ദൽബീറിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു. ദൽബീറിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം താൺ തരൺ ജില്ലയിലെ സ്വദേശമായ ഭിഖിവിന്ദിൽ ദൽബീറിന്‍റെ അന്ത്യകർമങ്ങൾ നടത്തും. 1991ലാണ് ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ കോടതി സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. 2008ൽ സരബ്‌ജിത് സിങ്ങിന്‍റെ വധശിക്ഷ കോടതി അനിശ്ചിത കാലത്തേക്ക് സ്റ്റേ ചെയ്‌തു. 22 വർഷത്തോളം കോട് ലോക്‌പഥ് ജയിലിൽ തടവിൽ കഴിഞ്ഞ സരബ്‌ജിത് സിങ് 2013 ഏപ്രിൽ 26ന് കോട് ലഖ്‌പത് റായ് ജയിലിൽ സഹതടവുകാരുടെ മർദനത്തിന് വിധേയനാകുകയും, 2013 മെയ് 2ന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് അന്തരിക്കുകയും ചെയ്‌തു. തുടർന്ന് മൃതദേഹം ജന്മനാട്ടിൽ എത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
22 വർഷത്തെ സരബ്‌ജിത്തിന്‍റെ ജയിൽ വാസത്തിനിടയിൽ അദ്ദേഹത്തിന്‍റെ മോചനത്തിനായി സഹോദരി ദൽബീർ കൗർ നിരന്തരം പോരാടിയിരുന്നു. തന്‍റെ സഹോദരൻ നിരപരാധിയാണെന്നും അദ്ദേഹത്തിനെ മോചിപ്പിക്കണമെന്നും വാദിച്ച ദൽബീർ ലാഹോറിലെ ജയിലിൽ രണ്ട് തവണ പോയി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
സഹോദരന്‍റെ നിരപരാധിത്വം തെളിയിക്കാൻ 22 വർഷം നീണ്ട പോരാട്ടം:1990 ഓഗസ്റ്റ് 28നാണ് കസൂറിന് സമീപത്തെ ഇന്തോ-പാകിസ്ഥാൻ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ പട്ടാളം കർഷകനായ സരബ്‌ജിത് സിങ്ങിനെ പിടികൂടുന്നത്. സരബ്‌ജിത് സിങ്ങിനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബം അന്വേഷണം നടത്തിയെങ്കിലും ഒൻപത് മാസത്തോളം അദ്ദേഹത്തെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഒരു വർഷത്തിന് ശേഷം കുടുംബത്തിന് സരബ്‌ജിത് സിങ്ങിന്‍റെ ഒരു കത്ത് ലഭിച്ചു. മൻജിത് സിങ് എന്ന പേരിൽ പാകിസ്ഥാൻ പട്ടാളം തന്നെ അറസ്റ്റ് ചെയ്‌തുവെന്നും തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ പക്കൽ ഇല്ലാത്തതിനാൽ ലാഹോർ സ്‌ഫോടന കേസിൽ പ്രതിയാക്കിയെന്നും ആയിരുന്നു കത്തിലെ ഉള്ളടക്കം. സരബ്‌ജിത് സിങ്ങിന് സ്‌ഫോടന കേസിൽ ബന്ധമില്ലെന്നും മദ്യപിച്ച് അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും അദ്ദേഹത്തിന്‍റെ കുടുംബം ഉറപ്പിച്ചു പറഞ്ഞു.
നിരവധി പ്രയത്‌നങ്ങൾക്ക് ശേഷം അദ്ദേഹത്തെ പാകിസ്ഥാനി ജയിലിൽ പോയി കാണാൻ അനുമതി ലഭിച്ച സ്‌കൂൾ അധ്യാപികയായിരുന്ന ദൽബീറിന്, അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിഞ്ഞത്. പിന്നീടങ്ങോട്ട് നിലയ്‌ക്കാത്ത പോരാട്ടമായിരുന്നു ദൽബീറിന്‍റെത്. സരബ്‌ജിത്തിന്‍റെ കുടുംബത്തിന് ഒരു കാവൽ മാലാഖയായി നിന്നതിനൊപ്പം തന്നെ സഹോദരന്‍റെ മോചനത്തിനായും അക്ഷീണം പ്രവർത്തിച്ചു.