ഹൈദരാബാദ്:തമിഴ്നാട്ടിലെകോവില്പെട്ടിയില് നിന്ന് ഇന്ത്യയുടെ തലപൊക്കത്തോളം വളര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ശങ്കരയ്യ (102 ) അന്തരിച്ചു (cpm veteran freedom fighter N Sankaraiah passes away). 1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി പോയി സിപിഎം എന്ന മാര്‍ക്സിസ്റ്റ് സരണി വെട്ടിത്തുറക്കുകയും നയിക്കുകയും ചെയ്ത 32 വിപ്ലവ നേതാക്കളില്‍, ജീവിച്ചിരുന്ന അവസാന രണ്ടു പേരില്‍ ഒരാള്‍ കൂടി സമര ജീവിതത്തോട് വിടപറഞ്ഞുവെന്ന് പറയുന്നതാകും ശരി. കാലം കാത്തുവച്ച കനല് നക്ഷത്രങ്ങളായിരുന്നു ആ 32 പേരുമെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പറയുന്നു.
വിഎസ് തനിച്ചായി:ശങ്കരയ്യക്കൊപ്പം സിപിഎം രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളില്‍ വി എസ് അച്യുതാനന്ദന് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളിന് ശങ്കരയ്യ ആശംസ അറിയിച്ചതൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാല്യ കൗമാരവും രാഷ്ട്രീയവും: 1921 ജൂലൈ 15 ന് തമിഴ്നാട്ടിലെ കോവില്പ്പെട്ടിയിലായിരുന്നു ശങ്കരയ്യയുടെ ജനനം. തൂത്തുക്കുടിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നെ മധുര സെന്റ് മേരീസ് സ്കൂളിലും തുടര്‍ന്ന് മധുരയിലെ അമേരിക്കന്‍ കോളജിലും ശങ്കരയ്യ പഠിച്ചു. അമേരിക്കന്‍ കോളജില്‍ ചരിത്ര വിദ്യാര്‍ഥി ആയിരിക്കെയാണ് സജീവ രാഷ്ട്രീയം ശങ്കരയ്യ തുടങ്ങിയത്. കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്ന ശങ്കരയ്യ പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗത്വം സ്വീകരിച്ചു.