മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌പിന്നർമാരില്‍ ആദ്യ പേരുകളിലൊന്നാണ് ആർ അശ്വിൻ. പക്ഷേ ഇപ്പോൾ ടെസ്റ്റ് ടീമില്‍ പോലും സ്ഥാനം ഉറപ്പില്ല. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാൻ പോയ ടീമില്‍ ഉൾപ്പെടുത്തിയെങ്കിലും നാലെണ്ണത്തില്‍ ഒരു മത്സരം പോലും കളിപ്പിച്ചിട്ടില്ല. അതിന്‍റെ പേരില്‍ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിന്‍റെ പ്രഖ്യാപനം നടന്നത്.
അധികമാരും പ്രതീക്ഷിക്കാതെ ആർ അശ്വിൻ എന്ന രവിചന്ദ്രൻ അശ്വന്‍റെ പേര് 15 അംഗ ടീമില്‍ ഉൾപ്പെട്ടു. നാല് വർഷങ്ങൾക്ക് ശേഷമാണ് അശ്വിൻ ഇന്ത്യൻ ടി20 ടീമില്‍ ഇടം പിടിക്കുന്നത്. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിൾസിന് വേണ്ടി നടത്തിയ മികച്ച പ്രകടനം തന്നെയാണ് അശ്വിനെ ടീമില്‍ ഉൾപ്പെടുത്താൻ സെലക്‌ഷൻ കമ്മിറ്റിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
എന്തായാലും ഒക്‌ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ അശ്വിനും ഉൾപ്പെട്ടു കഴിഞ്ഞു. അതിനു മുന്നേ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനമാകും ലോകകപ്പ് ടീമിലെ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാൻ അശ്വിന് അനുകൂലമാകുക.
ധോണി ഉപദേശിക്കും
ഇനിയൊരിക്കല്‍ കൂടി മഹേന്ദ്ര സിങ് ധോണി എന്ന നായകൻ ഇന്ത്യയെ നയിക്കുമോ എന്ന ചോദ്യങ്ങൾക്കിടയാണ് അപ്രതീക്ഷിതമായി ധോണി രണ്ട് വർഷം മുൻപ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പക്ഷേ ഇന്ത്യയ്ക്ക് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന മുൻ നായകന്‍റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താൻ തന്നെയാണ് ബിസിസിഐ തീരുമാനം.
ധോണി ഈ ലോകകപ്പില്‍ ഉപദേഷ്‌ടാവായി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. രവിശാസ്ത്രിക്കും സഹപരിശീലകർക്കുമൊപ്പം ടീം ഇന്ത്യയില്‍ ധോണിയുമുണ്ടാകും. കളിക്കളത്തിലെ കൂൾ ക്യാപ്‌റ്റനായല്ല, ഡ്രസിങ് റൂമിലെ ഉപദേശകനായി ധോണിയെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.