ന്യൂഡൽഹി : ഐപിഎല്ലിൽ നിലവിലെ ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് മലയാളി താരം സഞ്ജു സാംസണിന്‍റെ സ്ഥാനം. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനായ എംഎസ് ധോണിയുമായാണ് സഞ്ജുവിനെ പലരും താരതമ്യം ചെയ്യാറുള്ളത്. ഇപ്പോൾ യുവ ധോണിയെപ്പോലെയാണ് സഞ്ജു സാംസണ്‍ എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്‌പിന്നർ ഗ്രേം സ്വാൻ.
സഞ്ജുവിൽ എനിക്ക് ഇഷ്‌ടമുള്ളത് എന്തെന്നാൽ അവൻ കാലം കഴിയും തോറും ഒരു മികച്ച നേതാവായി മാറുന്നു. സ്ഥിരതയുള്ള ഒരു മുതിർന്ന കളിക്കാരനായി അവൻ കഴിവ് വിളിച്ചറിയിക്കുന്നു. അവൻ എത്ര മികച്ച കളിക്കാരനാണെന്ന് വർഷങ്ങളായി നമുക്ക് അറിയാം. ചിലപ്പോൾ ആറ് ഏഴ് മത്സരങ്ങളിൽ ഒന്നും ചെയ്യാതെ പോയിട്ട് തുടർന്ന് വരുന്ന മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കും.
അദ്ദേഹം ഇപ്പോൾ രാജസ്ഥാന്‍റെ മിസ്റ്റർ ഡിപ്പൻഡബിൾ ആണെന്നാണ് ഞാൻ കരുതുന്നത്. അവൻ വളരെ ശാന്തനാണ്. വളരെ ഉറപ്പുള്ളവനുമാണ്. ക്യാപ്‌റ്റൻസിയിൽ ഇപ്പോൾ ധോണിയുടെ യുവത്വകാലത്തെയാണ് അവൻ ഓർമിപ്പിക്കുന്നത്. അയാൾക്ക് ഒരു ഘട്ടത്തിലും തന്‍റെ ശാന്തത നഷ്‌ടപ്പെടുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി അത് വായിച്ച് നന്നായി കളിക്കുകയും ചെയ്യുന്നു. സ്വാൻ കൂട്ടിച്ചേർത്തു.
ALSO READ:IPL 2023 | 'വാത്തി ഈസ് ഹിയര്‍'; എംഎസ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍
ധോണിയെപ്പോലെ ശാന്തൻ : നേരത്തെ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രിയും സഞ്ജു സാംസണിനെ ധോണിയുമായി താരതമ്യം ചെയ്‌തിരുന്നു. ധോണിയെപ്പോലെ തന്നെ കഴിവുകളുള്ള താരമാണ് സഞ്ജു സാംസണെന്നായിരുന്നു ശാസ്‌ത്രിയുടെ കമന്‍റ്.' പുറമെ നിന്ന് നോക്കുമ്പോൾ സ്റ്റംപിന് പിറകിൽ സഞ്ജു വെറുതെ നിൽക്കുന്നതായി തോന്നുമെങ്കിലും അവൻ സഹതാരങ്ങളോട് മികച്ച രീതിയിൽ സംസാരിക്കുന്നുണ്ട്.
സഹതാരങ്ങൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ കൃത്യമായി കൈമാറുകയും ചെയ്യുന്നുണ്ട്. സഞ്ജുവിന്‍റെ ക്യാപ്‌റ്റൻസി വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. എന്നാൽ ധോണിയെപ്പോലെ ശാന്തനായും സമചിത്തതയോടെയും ഇടപെടുന്ന നായകനാണ് സഞ്ജു. ഏത് സമ്മർദ ഘട്ടത്തിലും വളരെ ശാന്തനായും സൗമ്യനായുമാണ് സഞ്ജുവിനെ കാണാനാവുകയെന്നും രവി ശാസ്‌ത്രി പറഞ്ഞിരുന്നു.
പ്രിയപ്പെട്ട നായകനെന്ന് ചാഹൽ : നേരത്തെ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്‍റെ സഹതാരമായ യുസ്‌വേന്ദ്ര ചാഹലും സഞ്ജുവിനെയും ധോണിയേയും താരതമ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. ഐപിഎല്ലിൽ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്‌റ്റൻ സഞ്ജു സാംസണാണെന്ന് പറഞ്ഞ ചാഹൽ, സഞ്ജു ധോണിയെപ്പോലെ ശാന്തനാണെന്നും ബോളർമാർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന നായകനാണെന്നും പറഞ്ഞിരുന്നു.
ALSO READ: 'ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണെ എല്ലാ ദിവസവും കളിപ്പിക്കും'; സെലക്‌ടര്‍മാര്‍ക്ക് ശക്തമായ സന്ദേശവുമായി ഹർഷ ഭോഗ്‌ലെ
'ഐപിഎല്ലിൽ സഞ്ജു സാംസൺ എന്‍റെ പ്രിയപ്പെട്ട നായകനാണ്. അക്ഷരാർഥത്തിൽ സഞ്ജു, മഹി ഭായിയുമായി സാമ്യമുള്ള ആളാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വളരെ ശാന്തനാണ്. കഴിഞ്ഞ വർഷം ഒരു ബോളർ എന്ന നിലയിൽ തനിക്കുണ്ടായ വളർച്ചയ്‌ക്ക് കാരണം സഞ്ജു സാസണാണെന്നും ചാഹൽ പറഞ്ഞു.