മുംബൈ:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ അവര്‍ ജയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. വാരാണസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയിലെ ജനങ്ങള്‍ക്ക് പ്രിയങ്കയെ വേണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
റായ് ബറേലി, വാരാണസി, അമേത്തി എന്നിവിടങ്ങളിലെ പോരാട്ടം ബിജെപിക്ക് കടുത്തതാണ്. ഇവിടങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കും. വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ജയിക്കുമെന്നതില്‍ യാതൊരുവിധ സംശയവും വേണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയും (യുബിടി) ഭാരതീയ ജനത പാര്‍ട്ടിയും (ബിജെപി) തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്താമെങ്കില്‍ എന്തുകൊണ്ട് ശരത് പവാറിനും അജിത് പവാറിനും കൂടിക്കാഴ്‌ച നടത്തിക്കൂടായെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ശരത് പവാര്‍, അജിത് പവാര്‍ കൂടിക്കാഴ്‌ചയെ കുറിച്ച് ഇന്നലെ മാധ്യമങ്ങളില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ' മുന്നണിയുടെ മീറ്റിങ്ങിലേക്ക് ശരത് പവാര്‍ അജിത് പവാറിനെ ക്ഷണിക്കുകയായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും സര്‍ക്കാറില്‍ തൃപ്‌തരല്ല. രാഷ്‌ട്രീയത്തില്‍ എന്തും സംഭവിക്കാം. അജിത് പവാറും ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്‌ട്രയിലെ ജനങ്ങളും ഈ സര്‍ക്കാറില്‍ സംതൃപ്‌തരല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.