കേരളം

kerala

ETV Bharat / bharat

'ശരദ് പവാർ തളർന്നിട്ടില്ല, കൂടുതൽ കരുത്തോടെ എല്ലാം പുനർനിർമിക്കും'; എൻസിപി പിളർപ്പിൽ പ്രതികരിച്ച് സഞ്‌ജയ് റാവത്ത്

മഹാരാഷ്‌ട്രയിലെ ജനങ്ങൾ അധികകാലം ഇത്തരമൊരു സർക്കസ് സഹിക്കില്ലെന്നും സഞ്‌ജയ് റാവത്ത്

NCP COUP REACTIONS  ശരദ് പവാർ  സഞ്‌ജയ് റാവത്ത്  ശിവസേന  എൻസിപി  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി  Sanjay Raut  NCP  Shiv Sena  Sharad Pawar  Sanjay Raut reacts to NCP coup
സഞ്‌ജയ് റാവത്ത്

By

Published : Jul 2, 2023, 4:19 PM IST

മുംബൈ (മഹാരാഷ്‌ട്ര) :നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ തന്‍റെ പാർട്ടിയിലെ പിളർപ്പിൽ തളർന്നിട്ടില്ലെന്നും പുതിയ തുടക്കത്തോടെ എല്ലാം പുനർനിർമിക്കുമെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.

'മഹാരാഷ്‌ട്ര രാഷ്‌ട്രീയം വൃത്തിയാക്കാനുള്ള ദൗത്യം ചിലർ ഏറ്റെടുത്തിട്ടുണ്ട്. അവർ അവരുടെ വഴിക്ക് പോകട്ടെ. ഞാൻ ശരദ് പവാറുമായി സംസാരിച്ചു. പാർട്ടിയുടെ പിളർപ്പിൽ അദ്ദേഹം തളർന്നിട്ടില്ല. അദ്ദേഹം തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു. താൻ ഇപ്പോഴും ശക്‌തനാണെന്നും ജനങ്ങളുടെ പിന്തുണ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും ശരദ് പവാർ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ ജനങ്ങൾ അധികകാലം ഇത്തരമൊരു സർക്കസ് സഹിക്കില്ല. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ചേർന്ന് ഞങ്ങൾ എല്ലാം പുനർ നിർമിക്കും', സഞ്‌ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്‌തമാക്കി. അതേസമയം നാടകീയ നീക്കങ്ങൾക്കൊടുവിൽ 29 എംഎൽഎമാരെ ഒപ്പം കൂട്ടിയാണ് അജിത് പവാർ എന്‍സിപിയെ പിളര്‍ത്തിയത്.

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ അജിത് പവാർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനുമൊപ്പമാണ് ഇന്ന് രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർക്കൊപ്പമുള്ള ചർച്ച പുരോഗമിക്കുന്നതിനൊപ്പം തന്നെ രാജ്ഭവനിൽ സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.

പിന്നാലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ അജിത് പവാർ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയായിരുന്നു. അജിത് പവാറടക്കം ഒമ്പത് പേരാണ് മന്ത്രിസഭയിലെത്തിയത്. ഛഗന്‍ ഭുജ്ബല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്റിഫ്, ധനനി മുണ്ടെ, അനില്‍ പാട്ടീല്‍, ദലീപ് വല്‍സെപതി എന്നിവരാണ് പുതിയ മന്ത്രിമാര്‍.

പിളര്‍പ്പ് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മുതിര്‍ന്ന നേതാവ് ശരദ് പവാറിന്‍റെ പ്രതികരണം. അതേസമയം അജിത് പവാറിന്‍റെ മറുകണ്ടം ചാട്ടത്തിനെതിരെ വലിയ വിമർശനമാണ് ഉദ്ധവ് താക്കറെ വിഭാഗം ഉയർത്തുന്നത്. ഇന്നലെ വരെ പ്രതിപക്ഷത്തിരുന്ന് സർക്കാരിനെ വിമർശിച്ച നേതാക്കൾ ഇന്ന് അതേ സർക്കാരിൽ തന്നെ ചേർന്നിരിക്കുന്നു എന്നാണ് ഉദ്ധവ് താക്കറെ വിഭാഗം നേതാവായ ആനന്ദ് ദുബെ പറഞ്ഞത്.

'ഇന്ന് ബിജെപിക്ക് അജിത് പവാറിനെ വേണം. അതിനാൽ അവർ അദ്ദേഹത്തെ കൊണ്ടുപോയി. പക്ഷേ പിന്നിൽ നിന്ന് കുത്തുന്ന ചരിത്രം ബിജെപിക്കുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്', ആനന്ദ് ദുബെ പറഞ്ഞു.

ABOUT THE AUTHOR

...view details